കിരാതം കൂട്ടുകാവ്യം
കൊടുങ്ങല്ലൂർ കാവ്യപാരമ്പര്യത്തിനെ ഓർമ്മിക്കുവാനും, ആധുനികതയിൽ പ്രായോഗികമായപോലെ അതിനെ പ്രോത്സാഹിപ്പിക്കുവാനും കൊടുങ്ങല്ലൂർ കോവിലകം ഭരണ കമ്മിറ്റി കഴിഞ്ഞ മൂന്നു വർഷമായി, സർഗ്ഗസിദ്ധിയുള്ള കവികളെ ഉൾപ്പെടുത്തി കൂട്ടുകാവ്യം എന്ന പദ്ധതി നടപ്പാക്കി വരുന്നു.
ആദ്യം നാല് പേര് ചേർന്ന് ശ്രീമദ്ഭാഗവതാവലംബിയായ “സ്യമന്തകം” ആണ് രചിച്ചത്. അത് അപ്രസിദ്ധീകൃതമാണ്, ഒരു പരീക്ഷണം എന്ന നിലയ്ക്ക്. കഴിഞ്ഞ വർഷം, ആറു കവികൾ ഒത്തുചേർന്ന്, രാമായണത്തെ ആസ്പദമാക്കി “സീതാസ്വയംവരം എന്ന കൂട്ടുകാവ്യം രചിക്കുകയുണ്ടായി. അത് കമ്മിറ്റി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്
ഈ രണ്ടു രചനകളിലും ഉണ്ടായ ഉത്സാഹത്തിന്റെ പിൻബലത്തിൽ ഈ വർഷം ഭാരതത്തിലെ പ്രസിദ്ധ ഭാഗമായ “കിരാതം” ആണ് കാവ്യവത്ക്കരിക്കപ്പെടുന്നത്. കൊടുങ്ങല്ലൂർ കുടുംബാംഗങ്ങളും ബന്ധുക്കളും ആയ 12 കവികളാണ് ഈ കാവ്യത്തിനുവേണ്ടി രചന നടത്തിയിരിക്കുന്നത്. 12 സർഗ്ഗങ്ങളായി വിന്യസിച്ചിട്ടുള്ള ഈ കൂട്ടുകാവ്യത്തിൽ, അർജ്ജുനനെ തപസ്സിനയക്കാനുള്ള വ്യാസോപദേശം മുതൽ, പാശുപതം ലഭിച്ചതിനു ശേഷം, ഇന്ദ്രാദികൾ അർജ്ജുനന് വരങ്ങൾ കൊടുക്കുന്നത് വരെ ഉള്ള ഭാഗമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കിരാതം കൂട്ടുകാവ്യത്തിലെ കവികൾ: കൊടുങ്ങല്ലൂർ കോവിലകത്തെ, ഡോക്ടർ അജൻ വർമ്മ, അഞ്ജന വർമ്മ, ശ്രീശങ്കരൻ തമ്പുരാൻ, ഡോക്ടർ രവീന്ദ്രൻ വർമ്മ, രജനി വർമ്മ, ശാലിനി വർമ്മ, മേദിനി വർമ്മ, ദിലീപൻ; നിലമ്പൂർ കോവിലകത്തെ അനിരുദ്ധ വർമ്മ, പന്തളം കൊട്ടാരത്തിലെ സന്തോഷ് വർമ്മ, പുലാപ്പറ്റ കുതിരവട്ടത്ത് കോട്ടയിലെ ബീന തമ്പാട്ടി, തൃപ്പൂണിത്തുറ വടക്കേ മാളിയേക്കൽ മഠത്തിലെ വിനോദ് വർമ്മ
ഈ പുസ്തകം പരിചയപ്പെടുത്തുന്ന, ശ്രീശങ്കര സർവകലാശാലയിലെ മുൻ സംസ്കൃതസാഹിത്യ മേധാവി ഡോക്ടർ നീലകണ്ഠന്റെ (ഇപ്പോൾ അക്കാദമിക് ഡയറക്ടർ, കേരളകലാമണ്ടലം) വാക്കുകളിൽ:
“ഇതിലെ കവിതാഭംഗിയും ശ്ലോകങ്ങളുടെ മേന്മയും അല്ല പ്രധാനമായും ഇവിടെ അഭിനന്ദനവിഷയമാക്കേണ്ടത് എന്ന് തോന്നുന്നു. പന്ത്രണ്ട് പേര് ചേർന്ന് വിഭിന്നവൃത്തങ്ങളിൽ പന്ത്രണ്ട് സർഗ്ഗങ്ങളിൽ ഇങ്ങനെ ഒരു കൂട്ടുരചനയ്ക്ക് ഉത്സാഹത്തോടെ പ്രയത്നിച്ച് അത് ഫലവത്താക്കി എന്ന കാര്യമാണ് ഇവിടെ മുഖ്യം. അത് ഭംഗിയായി തന്നെ നിർവഹിച്ചിരിക്കുന്നു എന്ന് ഉറപ്പിച്ച് തന്നെ പറയാം. കവിതാഭംഗിയിലോ ശ്ലോകങ്ങളുടെ ഗുണമേന്മയിലോ ഈ കാവ്യം അത്ര മോശമാണെന്നൊന്നും മുൻപ്രസ്താവനയെ അടിസ്ഥാനമാക്കി ധരിക്കേണ്ടതില്ല. പല സർഗ്ഗങ്ങളിലേയും പല ശ്ലോകങ്ങളും മോശമല്ലാത്ത കാവ്യനിലവാരം പുലർത്തുന്നുണ്ട്”
ഈ കാവ്യം 2018 മെയ്മാസം 13-ആം തീയതി കൊടുങ്ങല്ലൂർ കമ്മിറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പ്രസിദ്ധീകരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
കോപ്പികൾ വേണ്ടവർക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാം:
ഡോകടർ അജൻ വർമ്മ (മൊബൈൽ + വാട്സ്ആപ്) – 94466 28058
ഗോദവർമ്മ (മൊബൈൽ – 94465 29626
നിർമല മഹേന്ദ്രൻ – (മൊബൈൽ + വാട്സ്ആപ്) – 98958 04181
വില – 120 ഉറുപ്പിക
Leave a Reply